ന്യൂയോർക്ക്: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെ പേരും പരാമർശിക്കപ്പെടുന്നു. 2009-ൽ എപ്സ്റ്റൈന്റെ പങ്കാളിയായിരുന്ന ഗിസ്ലെയ്ൻ മാക്സ്വെല്ലിന്റെ വസതിയിൽ നടന്ന ഒരു പാർട്ടിയിൽ മീര നായർ പങ്കെടുത്തതായാണ് ഇമെയിൽ സന്ദേശങ്ങളിൽ പറയുന്നത്.
അമേരിക്കൻ പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ 2009 ഒക്ടോബർ 21-ന് അയച്ച ഇമെയിലിലാണ് മീര നായരെക്കുറിച്ചുള്ള പരാമർശമുള്ളത്. "ഗിസ്ലെയ്ന്റെ വസതിയിലെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ്, സംവിധായിക മീര നായർ തുടങ്ങിയവർ അവിടെ ഉണ്ടായിരുന്നു," എന്ന് ഇമെയിൽ പറയുന്നു.
മീര നായർ സംവിധാനം ചെയ്ത 'അമേലിയ' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പാർട്ടിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഹിലരി സ്വാങ്ക്, റിച്ചാർഡ് ഗിയർ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനിയുടെ മാതാവ് കൂടിയാണ് മീര നായർ.
അമേരിക്കൻ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകൾ വരുന്ന എപ്സ്റ്റൈൻ ഫയലുകളിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.